തമിഴ് സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഈ നീക്കം. പരാതികൾ അറിയിക്കാൻ പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ സിനിമയിൽ അഞ്ചുവർഷം വിലക്കും കോടതി നടപടികളും നേരിടേണ്ടി വരുമെന്ന് നടികർ സംഘം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചെന്നൈയിൽ ചേർന്ന നിർണായക യോഗത്തിലാണ് സിനിമയിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരായ നിർണായക തീരുമാനം എടുത്തത്. സംഘടനയുടെ പ്രസിഡന്റ് നാസർ, ജനറൽ സെക്രട്ടറി വിശാൽ, ട്രഷറർ കാർത്തി, മറ്റ് അംഗങ്ങളായ സുഹാസിനി, ഖുശ്ബു, രോഹിനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇരകളാക്കപ്പെടുന്നവർക്ക് നിയമസഹായം നൽകുമെന്നും സംഘടന അറിയിച്ചു.
ലൈംഗിക പീഡന കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ആ താരത്തെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചു. ആഭ്യന്തര പരാതി പരിഹാര സെല്ലിൽ വന്ന പരാതികൾ കൃത്യമായി പൊലീസിന് കൈമാറും. സംഘടനയിൽ പരാതി പറയുന്നതിന് മുൻപ് ലൈംഗിക ചൂഷണത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തരുതെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Story Highlights: Nadigar Sangam implements strict measures against sexual harassment in Tamil cinema