**നാദാപുരം◾:** നാദാപുരം പഞ്ചായത്ത് സെക്രട്ടറി പി.സി. രമേശനെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 20 ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് നാദാപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്.
ഈ കേസിൽ ഭീഷണിപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേർന്ന് ജീവനക്കാരെ കയ്യേറ്റം ചെയ്യൽ, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിൽ, എൽ.ഡി.എഫിന് അനുകൂലമായി സെക്രട്ടറി പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാഗമായി യു.ഡി.എഫ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
യു.ഡി.എഫ് വോട്ടുകൾ സെക്രട്ടറി തള്ളുകയും എൽ.ഡി.എഫ് വോട്ടുകൾ കൂട്ടിച്ചേർക്കുകയും, ഹിയറിംഗിന് വരുന്നവരുടെ വാദം കേൾക്കുന്നില്ലെന്നും യു.ഡി.എഫ് ആരോപിച്ചു. ഈ ആരോപണങ്ങൾ ഉന്നയിച്ച് ഉപരോധത്തിനിടയിൽ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയോട് മോശമായി സംസാരിക്കുകയും കയർക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പി.സി. രമേശൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം രാവിലെ സമാനമായ ആരോപണങ്ങളുമായി എൽ.ഡി.എഫ് പ്രവർത്തകരും പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ സെക്രട്ടറി വോട്ടർ പട്ടിക അട്ടിമറിക്കുന്നു എന്ന് ആരോപിച്ചായിരുന്നു എൽ.ഡി.എഫിന്റെ പ്രതിഷേധം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നാദാപുരത്ത് ഇരുപക്ഷവും തമ്മിൽ തർക്കങ്ങൾ നടക്കുകയാണ്. 18 കാരിയെ വിവാഹിതയാക്കി വോട്ട് തള്ളാൻ അപേക്ഷിച്ചതും, ഒരാൾ മരിച്ചെന്ന് ചൂണ്ടിക്കാട്ടി വോട്ട് തള്ളാൻ അപേക്ഷ നൽകിയതുൾപ്പെടെ നിരവധി രാഷ്ട്രീയ സംഭവങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.
ഇരുവിഭാഗവും ആരോപണങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ പോലീസ് നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights : Case Filed Against UDF Leaders Nadapuram Panchayat issue