ബംഗ്ലാദേശിലെ കലാപത്തിനിടയിൽ മുസ്ലിം യുവാക്കൾ ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിന്നു

Anjana

Bangladesh unrest, Muslim youths guard Hindu temples

ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിന് പിന്നാലെ രാജ്യത്ത് അരാജകത്വം നിലനിൽക്കുകയാണ്. തെരുവുകളിൽ കലാപം വ്യാപിച്ചപ്പോഴും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ മുസ്ലിം പള്ളികൾ വഴി ആഹ്വാനം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സാമുദായിക സൗഹാർദ്ദം ഉറപ്പാക്കണമെന്നും ഹിന്ദു വിഭാഗങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കണമെന്നുമാണ് മുസ്ലിം പള്ളികൾ വഴി ആഹ്വാനം ഉന്നയിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തണമെന്ന ആഹ്വാനത്തിന് പിന്നാലെ പല ക്ഷേത്രങ്ങൾക്കും മുസ്ലിം വിശ്വാസികൾ കാവൽ നിന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കിഴക്കൻ ബംഗ്ലാദേശിലെ കുമിലയിലും ചിറ്റഗോങ്ങിലെ ചകാരിയ ഉപസിലയിലുമുള്ള ഹിന്ദു ക്ഷേത്രങ്ങൾക്ക് കാവൽ നിന്ന മുസ്ലിം യുവാക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചകാരിയയിൽ വിദ്യാർഥി സംഘടനയായ ഛത്രി ശിബിരത്തിന്റെ നേതൃത്വത്തിലായിരുന്നു സംരക്ഷണം. പെൺകുട്ടികളടക്കമുള്ളവർ കാവൽ സംഘത്തിലുണ്ടായിരുന്നു. സമാധാനം കാത്തുസൂക്ഷിക്കാൻ ആവശ്യപ്പെട്ട് പള്ളികളിലെ ഉച്ചഭാഷിണികൾ വഴി സമരരംഗത്തുള്ള വിദ്യാർഥി സംഘടനയായ ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ്സ് മൂവ്മെന്റ് ആഹ്വാനം മുഴക്കിയിരുന്നു.

ഇതിനിടെ, ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിനെ നയിക്കാനൊരുങ്ങുന്ന നോബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് ധാക്കയിലെത്തി. പാരീസിൽ നിന്നും ദുബായ് വഴി വ്യാഴാഴ്ച ഉച്ചയ്ക്ക് 2.10-ഓടെ അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനത്തെത്തി. ബംഗ്ലാദേശിന്റെ രണ്ടാം സ്വാതന്ത്ര്യപ്പിറവി സംഭവിച്ചുവെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Muslim youths in Bangladesh guard Hindu temples amid unrest, ensuring safety of minority communities.

Image Credit: twentyfournews