എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കാൻ താൻ തയ്യാറല്ലെന്ന് തിരക്കഥാകൃത്തായ മുരളി ഗോപി വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും മുരളി ഗോപി ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നില്ല. എന്നാൽ, ചിത്രത്തിലെ പുതിയ ഗാനം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ചിത്രത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾക്ക് അവരുടെ വീക്ഷണകോണിൽ സാധുതയുണ്ടാകാമെന്നും, എന്നാൽ താൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും മുരളി ഗോപി നേരത്തെ പിടിഐയോട് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് മാറ്റാനും സാധ്യതയുണ്ട്. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മോഹൻലാൽ കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഈ കുറിപ്പ് പിന്നീട് സംവിധായകനും നടനുമായ പൃഥ്വിരാജും നിർമ്മാതാവായ ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരുന്നു. വൈകിട്ടോടെയായിരിക്കും പുനഃക്രമീകരിച്ച ചിത്രത്തിന്റെ പ്രദർശനം.
Story Highlights: Murali Gopy refuses to comment on the Empuraan film controversy, while Mohanlal, Prithviraj, and Antony Perumbavoor have expressed their views.