ശശി തരൂരിനെ കോൺഗ്രസ് അവഗണിക്കുന്നുവെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കെ. മുരളീധരൻ എംപി വ്യക്തമാക്കി. പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ തരൂർ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരിന് നൽകേണ്ട പ്രാധാന്യം പാർട്ടി അഖിലേന്ത്യാ തലത്തിലും സംസ്ഥാനതലത്തിലും നൽകുമെന്നും ഉന്നയിച്ച മറ്റു കാര്യങ്ങൾ പാർട്ടി വേദിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വാചക കസർത്തുകൾ നടത്താതെ ഇടപെടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിൽ മൂന്നാം പിണറായി സർക്കാർ ഒരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി കാറിൽ നിന്ന് പുറത്തിറങ്ങിയത് ദുഷ്ടലാക്കോടെയാണെന്നും സമരം പൊളിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നും എല്ലാക്കാലത്തും സർക്കാരിന് അധികാരമുണ്ടാകില്ലെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. ആരോഗ്യമന്ത്രിക്ക് ഈ പദവി പറ്റിയതല്ലെന്നും വാർത്ത വായിക്കൽ തന്നെയായിരുന്നു ഏറ്റവും നല്ലതെന്നും അദ്ദേഹം വിമർശിച്ചു.
എളമരം കരീം ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. സിഐടിയുക്കാർ പോലും കൈവിട്ട എളമരം കരീമിനെക്കുറിച്ച് ഒന്നും പറയേണ്ടെന്നും നാട്ടുകാർ പോലും വായിക്കാത്ത പത്രത്തിലെ വിവരം പറഞ്ഞ് അറിയിക്കേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ഏതാനും ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്നതെന്നായിരുന്നു എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത്. സംസ്ഥാന സർക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോർജിനെയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശാ വർക്കർമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കലല്ലെന്നും കേരളത്തിലെ മഹാഭൂരിപക്ഷം ആശാ വർക്കർമാരും ഇപ്പോൾ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തിൽ പറയുന്നു.
Story Highlights: K. Muraleedharan dismissed reports of Congress neglecting Shashi Tharoor as mere speculation.