മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ യുവ നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്ത്. ഇപ്പോഴത്തെ കാലഘട്ടം റീൽസുകളുടെതാണെന്നും, ഇവിടെ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് പബ്ലിസിറ്റിക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇതുകൊണ്ടുമാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയില്ലെന്ന് മുരളീധരൻ മുന്നറിയിപ്പ് നൽകി.
ഓൾഡ് ഈസ് ഗോൾഡ് എന്നതുപോലെ പഴയ ഡോർ ടു ഡോർ സംവിധാനം തന്നെയാണ് ഇപ്പോളും ആവശ്യമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ റീലുകളിലൊതുങ്ങാതെ, വോട്ടുകൾ കൂട്ടാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് കോൺഗ്രസ് നേതാവ് റോജി എം ജോൺ റീൽ സംസ്കാരത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്റെ ഈ പ്രസ്താവന.
പല നേതാക്കളും തിരഞ്ഞെടുപ്പിൽ അക്ഷീണം പ്രവർത്തിക്കുമ്പോൾ യുവനേതാക്കളിൽ ചിലർ റീലുകൾ എടുക്കുകയായിരുന്നുവെന്ന് റോജി എം ജോൺ വിമർശിച്ചിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പാർട്ടിയിൽ രൂപപ്പെട്ട ഈ പ്രവണതയ്ക്കെതിരെ അദ്ദേഹം ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ, പികെ ഫിറോസ് എന്നിവരടങ്ങുന്ന യുവ ടീം ആയിരുന്നു നിലമ്പൂരിലെ യുഡിഎഫിൻ്റെ റീൽ മുഖങ്ങൾ. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ വിമർശനം ശ്രദ്ധേയമാകുന്നത്.
മുരളീധരന്റെ പ്രസ്താവന രാഷ്ട്രീയ രംഗത്ത് ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. കൂടുതൽ ശ്രദ്ധയും പ്രവർത്തനവും വോട്ടുകൾ നേടുന്നതിൽ ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Highlights: Congress leader K. Muraleedharan indirectly criticizes young leaders