Mura movie review | കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ മുറ ഇന്ന് തിയേറ്ററിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, മാലാ പാർവ്വതി, ഹൃദു ഹാറൂൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പിച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്. എച്ച് ആർ പിക്ച്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബു ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചപ്പോൾ, രചന ഉപ്പും മുളകും ഫെയ്മായ സുരേഷ്ബാബുവാണ്.
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്,യദു കൃഷ്ണ,അനുജിത്ത് കണ്ണൻ, വിഘ്നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തലസ്ഥാന നഗരിയിലെ നാലു യുവാക്കളുടെ കഥ പറയുന്ന ചിത്രത്തിൽ സുരാജിന്റേത് അനിയെന്ന വില്ലൻ കഥാപാത്രമാണ്. ഇന്ന് ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തിയപ്പോൾ, ട്രെയിലർ കണ്ട് പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങൾ തന്നെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ യുവതാരങ്ങളെയും, സുരാജിന്റെയും, നായികമാരുടെയും പ്രകടനം എടുത്തു പറയുകയും ചെയ്തു.
പുതിയ നടന്മാരുടെ ഒരു ആക്ഷൻ പടമായി കാണാമെന്നും, വൈലൻസ് ഇഷ്ടപ്പെടുന്നവർക്ക് കൂടുതൽ ഇഷ്ടപ്പെടുമെന്നും പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചു. കുടുംബത്തോടെ പോയി ആസ്വദിച്ചു കാണാൻ പറ്റുന്ന പടമാണെന്നും, ന്യൂ ജനറേഷനും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ പറഞ്ഞു. ആക്ഷൻ മൂവിയാണെങ്കിലും, സൗഹൃദത്തിന്റെ പ്രാധാന്യം മറ്റൊരു തരത്തിലൂടെയാണ് മുറയിൽ കാണാൻ സാധിക്കുന്നത്.
സുരാജ് അനിയിലൂടെ വില്ലത്തരവും തനിക്ക് വഴങ്ങുമെന്ന് കാണിച്ചു തന്നു. വ്യത്യസ്ത മെയ്ക്കോവറിലൂടെ മാലാ പാർവ്വതിയും രമയിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. ഇതിനെല്ലാം പുറമെ നാലു പുതുമുഖ നായകന്മാരുടെ പ്രകടനാണ് സിനിമയിൽ എടുത്തു പറയേണ്ടത്. വൈലൻസ് ഇഷ്ടപ്പെടാത്തവരെപ്പോലും പിടിച്ചിരുത്താനുള്ള ഒരു മാജിക് ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയതു കൊണ്ട് ചിത്രം വമ്പൻ വിജയമായി മാറുമെന്നാണ് ആദ്യ ചിത്രീകരണം കഴിഞ്ഞ പ്രേക്ഷകരുടെ പ്രതികരണത്തിലൂടെ മനസിലാകുന്നത്.