ന്യൂഡൽഹി: കേരള ടൂറിസത്തിന് ഇന്ത്യാ ടുഡേ ടൂറിസം സർവേ 2025 അവാർഡ് ലഭിച്ചു. ഏറ്റവും മനോഹരമായ റോഡ് (മോസ്റ്റ് സീനിക് റോഡ്) വിഭാഗത്തിൽ ഇന്ത്യാ ടുഡേ എഡിറ്റേഴ്സ് ചോയ്സ് അവാർഡിനാണ് കേരളം അർഹമായത്. മൂന്നാർ മുതൽ തേക്കടി വരെയുള്ള റോഡിന്റെ മനോഹാരിതയാണ് ഈ പുരസ്കാര നേട്ടത്തിന് കാരണമായത്.
ഈ പുരസ്കാരം കേരള ടൂറിസത്തിന്റെ മികവിന് ലഭിച്ച അംഗീകാരമാണെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേയുടെ പുരസ്കാരം 2022 ലും കേരളത്തിന് ലഭിച്ചിരുന്നു. കൂടാതെ, പങ്കാളിത്ത സൗഹൃദ കാരവാൻ ടൂറിസം പദ്ധതിയായ ‘കാരവാൻ കേരള’യ്ക്ക് 2023 ലും ഇന്ത്യാ ടുഡേ പുരസ്കാരം ലഭിച്ചിരുന്നു.
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ വാർഷിക ടൂറിസം സമ്മേളനത്തിൽ കേന്ദ്ര ടൂറിസം സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിൽ നിന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ടൂറിസം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് ഇന്ത്യാ ടുഡേ നൽകുന്ന വാർഷിക പുരസ്കാരമാണിത്.
സഞ്ചാരികളുടെ മാറിവരുന്ന അഭിരുചികൾക്കനുസരിച്ച് നൂതനവും വ്യത്യസ്തവുമായ ടൂറിസം ഉത്പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കാനാണ് കേരളം ലക്ഷ്യമിടുന്നതെന്ന് ശിഖ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രകൃതിയോടിണങ്ങിയുള്ള കേരളത്തിന്റെ തനത് വിനോദസഞ്ചാര അനുഭവങ്ങൾക്കുള്ള സ്വീകാര്യതയ്ക്കൊപ്പം, ടൂറിസം മേഖലയിൽ കേരളം നടപ്പാക്കുന്ന നൂതന പദ്ധതികൾക്കും ആകർഷണങ്ങൾക്കുമുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഇതിലൂടെ രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം വീണ്ടും അംഗീകരിക്കപ്പെടുന്നു. കൂടുതൽ ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ പുരസ്കാരം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പശ്ചാത്തല മേഖലയിലെ വികസനം കേരളത്തിലെ ടൂറിസത്തിന് കൂടുതൽ മുതൽക്കൂട്ടായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Munnar-Thekkady road in Kerala wins India Today’s Most Scenic Road Award.