ഇടുക്കി◾: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ്പ് റോഡിൽ ഇന്ന് രാത്രി മുതൽ യാത്രാ നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഗ്യാപ്പ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കി.
സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുകയാണ്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സാഹസിക വിനോദങ്ങൾക്കും ഖനന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ആന്ധ്ര-തെലങ്കാന-ഒഡിഷ തീരങ്ങൾക്ക് മുകളിലൂടെ വ്യാപിക്കുന്നതിനാൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും പ്രവചനമുണ്ട്.
കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ ഈ മാസം 17 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Story Highlights : Night travel ban on Munnar Gap Road on Kochi-Dhanushkodi National Highway
ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക.
Story Highlights: Night travel ban imposed on Munnar Gap Road due to orange alert.