മൂന്നാറിലെ എക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്. ആദിക, വേണിക എന്നീ വിദ്യാർത്ഥിനികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുധൻ എന്ന വിദ്യാർത്ഥി തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണത്തിന് കീഴടങ്ങി.
മൂന്നാറിനും എക്കോ പോയിന്റിനും ഇടയിലുള്ള കൊടും വളവിൽ അമിതവേഗതയിലായിരുന്നു ബസ് എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ പരിചയക്കുറവും അമിതവേഗതയും അപകടത്തിന് കാരണമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ. 37 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 43 പേർ ബസിലുണ്ടായിരുന്നു.
33 പേർ മൂന്നാർ ടാറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെവിൻ എന്ന വിദ്യാർത്ഥിയെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്നലെ വൈകിട്ടാണ് വിനോദയാത്രയ്ക്കായി വിദ്യാർത്ഥികളുടെ സംഘം മൂന്നാറിലേക്ക് തിരിച്ചത്. ഇന്ന് പുലർച്ചെ മൂന്നാറിലെത്തിയ സംഘം കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.
Story Highlights: Three students died in a bus accident at Munnar Echo Point.