മുനമ്പം വിഷയത്തില് സര്ക്കാര് ജുഡീഷ്യല് കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം സമരസമിതി തള്ളിക്കളഞ്ഞു. പ്രശ്നപരിഹാരം നീണ്ടുപോകാന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ശാശ്വത പരിഹാരമാണ് വേണ്ടതെന്നും സമരം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. പ്രദേശവാസികള് പന്തം കൊളുത്തി പ്രകടനം നടത്തുകയും ചെയ്തു. വേഗത്തില് പരിഹാരം കാണണമെന്നും രേഖകള് പരിശോധിക്കേണ്ട കാര്യമില്ലെന്നും സമരക്കാര് അഭിപ്രായപ്പെട്ടു.
ഹൈക്കോടതി മുന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന് നായരെ കമ്മീഷനായി നിയോഗിച്ചതായി സര്ക്കാര് അറിയിച്ചു. കൈവശ അവകാശമുള്ള ആരെയും ഒഴിപ്പിക്കില്ലെന്നും പ്രശ്നത്തിന് പരിഹാരമാകുന്നതുവരെ വഖഫ് നോട്ടീസ് നല്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി തന്നെ ചര്ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. രേഖ ഹാജരാക്കാന് മാത്രമാണ് നോട്ടീസ് നല്കിയതെന്നും അത് തെറ്റായി പ്രചരിപ്പിക്കപ്പെടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
സര്ക്കാര് നിലപാട് വ്യക്തമായതിനു ശേഷമാണ് സമരക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജുഡീഷ്യല് കമ്മീഷനുമായി സഹകരിക്കണോ എന്നതുമായി ബന്ധപ്പെട്ട് സമര സമിതി നാളെ യോഗം ചേര്ന്ന് തീരുമാനമെടുക്കും. താത്കാലിക തീരുമാനത്തിനപ്പുറം ശാശ്വതമായ പരിഹാരത്തിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില് കമ്മീഷന് നടപടികള് പൂര്ത്തീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Story Highlights: Munambam land issue: Protest committee rejects government’s decision to appoint judicial commission, demands permanent solution