**മുംബൈ (മഹാരാഷ്ട്ര):** കൊച്ചി മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നു. 2026 ആദ്യത്തോടെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ കൊച്ചി വാട്ടർ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായി മഹാരാഷ്ട്രയിലെ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണെ വ്യക്തമാക്കി.
മുംബൈയിലെ നവി മുംബൈ, അലിബാഗ് തുടങ്ങിയ പ്രദേശങ്ങളെ പ്രധാന കരഭാഗവുമായി ബന്ധിപ്പിക്കുന്ന ജലഗതാഗത സംവിധാനം നിലവിൽ ഉണ്ട്. വാട്ടർ മെട്രോ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഈ സംവിധാനം കൂടുതൽ ശക്തിപ്പെടുകയും അന്തർദേശീയ ശ്രദ്ധ നേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച വാട്ടർ മെട്രോ മാതൃക മുംബൈയിലേക്കെത്തുന്നത് വികസനത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു.
വാട്ടർ മെട്രോയുടെ ഭാഗമായി തീരദേശ മേഖലയിൽ പുതിയ റോഡുകളും കടലാക്രമണം പ്രതിരോധിക്കാനുള്ള സൗകര്യങ്ങളും ഒരുക്കും. മഹാരാഷ്ട്രയിൽ 720 കിലോമീറ്റർ നീളമുള്ള തീരപ്രദേശം ഇപ്പോഴും വികസനം കാത്ത് കിടക്കുന്ന സാഹചര്യത്തിലാണ് പദ്ധതി പ്രസക്തമാകുന്നത്. രണ്ട് മാസത്തിനുള്ളിൽ ഡിപിആർ തയ്യാറാകുമെന്നും തുടർന്ന് പദ്ധതി അതിവേഗം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി നിതേഷ് റാണെ അറിയിച്ചു.
Story Highlights:
Kochi Water Metro model to be implemented in Mumbai by 2026.