മുംബൈ◾: പൂജയിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ സന്യാസി അഭിഭാഷകനിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ തട്ടിപ്പ് നടത്തിയ സന്യാസിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മീരാ റോഡിൽ താമസിക്കുന്ന ധർമവീർ ത്രിപാഠി എന്ന അഭിഭാഷകനാണ് കബളിപ്പിക്കപ്പെട്ടത്. ഇരട്ടിപ്പിക്കാനായി വെച്ച 20 ലക്ഷം രൂപയുമായി സന്യാസി കടന്നുകളഞ്ഞു.
പണം ഇരട്ടിപ്പിക്കാനുള്ള അത്യാഗ്രഹം മൂത്താണ് അഭിഭാഷകൻ തട്ടിപ്പിൽ ചെന്ന് പെട്ടത്. വർഷങ്ങൾക്ക് മുമ്പ് കാശിയിൽ വെച്ച് പരിചയപ്പെട്ട ഒരു സന്യാസിയിൽ നിന്നാണ് ഇയാൾ പ്രേം സിംഗ് എന്ന വ്യാജ സന്യാസിയെ പരിചയപ്പെടുന്നത്. തുടർന്ന് 42 കാരനായ ഇയാൾ ഉപദേശങ്ങൾ നൽകി അഭിഭാഷകനെ സ്വാധീനിച്ചു. തനിക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പ്രേം സിംഗ് അഭിഭാഷകനെ വിശ്വസിപ്പിച്ചു.
നവി മുംബൈയിലെ ബേലാപൂരിലുള്ള ഒരു ഫ്ലാറ്റിലേക്കാണ് തട്ടിപ്പുകാരൻ അഭിഭാഷകനെ വിളിച്ചു വരുത്തിയത്. ദൈവങ്ങളുടെ ഫോട്ടോയ്ക്ക് മുന്നിൽ പണം വെച്ച ശേഷം അഭിഭാഷകനെയും കുടുംബത്തെയും മറ്റൊരു മുറിയിലേക്ക് മാറ്റി. തുടർന്ന് 15 മിനിറ്റ് പൂജ നടത്തുമെന്നും മന്ത്രോച്ചാരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
സമയം കഴിഞ്ഞ് അഭിഭാഷകനും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോൾ പണവും സന്യാസിയുമില്ല. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് അഭിഭാഷകന് മനസിലായത്. തുടർന്ന് അഭിഭാഷകൻ പോലീസിൽ പരാതി നൽകി.
അഭിഭാഷകന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് സംശയമുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ തേടുന്നതിന് മുൻപ് അതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
Story Highlights : Mumbai Lawyer lost ₹20 Lakh In Black Magic Scam