ബിജു മേനോനും മേതില് ദേവികയും കേന്ദ്രകഥാപാത്രങ്ങളായി വിഷ്ണു മോഹന് സംവിധാനം ചെയ്ത ‘കഥ ഇന്നുവരെ’ എന്ന ചിത്രം കണ്ടിറങ്ങിയ നടനും എംഎല്എയുമായ മുകേഷ് ചിത്രത്തെ പ്രശംസിച്ചു. “വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നായികയായ മേതില് ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള് ‘നായിക എന്റെ ഭാര്യയാണ്’ എന്ന് തമാശരൂപേണ മറുപടി നല്‍കി. മുകേഷിന്റെ മുന് ഭാര്യയായ മേതില് ദേവിക ഈ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില് അരങ്ങേറ്റം കുറിക്കുന്നത്.
ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ ഫാർസ് ഫിലിംസും മറ്റു രാജ്യങ്ങളില് ആര് എഫ് ടി യും വിതരണം ചെയ്തു. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തില് പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്.
വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് “കഥ ഇന്നുവരെ” നിർമിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചു. അശ്വിൻ ആര്യൻ സംഗീതം നല്കിയ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറും പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുണുമാണ്. ഇർഷാദ് ചെറുകുന്ന് വേഷവിധാനവും സുധി സുരേന്ദ്രൻ മേക്കപ്പും നിർവഹിച്ചു.
Story Highlights: Actor-MLA Mukesh praises ‘Katha Innuvare’ starring Biju Menon and Methil Devika, directed by Vishnu Mohan