മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. സാഹിത്യലോകത്തിന്റെ അതുല്യ പ്രതിഭയായിരുന്ന എം.ടി.യുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു 91 വയസ്സുള്ള എഴുത്തുകാരന്റെ അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
എം.ടി.യെ അവസാനമായി കാണാൻ നടൻ മോഹൻലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രിയും അല്പസമയത്തിനകം അവിടെയെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 15-ാം തീയതി രാവിലെയാണ് ശ്വാസതടസ്സത്തെ തുടർന്ന് എം.ടി.യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.
നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം.ടി. സമ്മാനിച്ചത്. മലയാള സാഹിത്യത്തിന്റെ ഈ മഹാപ്രതിഭയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്.
Story Highlights: Renowned Malayalam author M.T. Vasudevan Nair’s funeral to be held today at 5 PM in Kozhikode