കോഴിക്കോട് ബേബി മെമ്മോറിയല് ആശുപത്രിയില് ചികിത്സയിലിരിക്കെ വിടവാങ്ങിയ എം.ടി വാസുദേവന് നായരുടെ മരണത്തില് അനുശോചനം അറിയിച്ചവര്ക്കും ചികിത്സാ സമയത്ത് കൂടെ നിന്നവര്ക്കും നന്ദി അറിയിച്ച് എം.ടിയുടെ മകള് അശ്വതി വി നായര് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്ണ്ണര്മാരായ പി.എസ് ശ്രീധരന് പിള്ള, സി.വി. ആനന്ദ ബോസ് എന്നിവര്ക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്, വിവിധ രാഷ്ട്രീയ പ്രതിനിധികള്, സാമൂഹിക-സാംസ്കാരിക-സാഹിത്യ പ്രമുഖര്, ചലച്ചിത്ര പ്രവര്ത്തകര് തുടങ്ങി എല്ലാവര്ക്കുമാണ് അശ്വതി നന്ദി അറിയിച്ചത്.
കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസതടസ്സത്തെ തുടര്ന്ന് എം.ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. തുടര്ന്ന് ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് എം.ടി വിടപറഞ്ഞത്.
നോവലിസ്റ്റ്, പത്രാധിപര്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ നിലകളില് മലയാളികളെ എന്നും അത്ഭുതപ്പെടുത്തിയ പ്രതിഭയായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവന് നായര്. ഇന്ത്യന് സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള് പല തലമുറകളില് മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്ത്ഥ്യങ്ങളുടെ നേര്ക്കാഴ്ചയാണ് എം.ടി മലയാളികള്ക്ക് സമ്മാനിച്ചത്.
Story Highlights: MT Vasudevan Nair’s daughter Aswathi thanked everyone who offered condolences and support during his treatment.