ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ-ഡെഫനിഷൻ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ഈ അപൂർവ്വ ചിത്രങ്ങൾ പകർത്തിയത് സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസിന്റെ ‘ബ്ലൂ ഗോസ്റ്റ് ലാൻഡർ’ ആണ്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മേര് ക്രിസിയത്തിലെ അഗ്നിപർവ്വത രൂപീകരണമായ മോൺസ് ലാട്രെയ്ലിന് സമീപം മാർച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡ് ചെയ്തത്. ഈ ചിത്രങ്ങൾ ചന്ദ്രനിലെ ചക്രവാള തിളക്കം എന്നറിയപ്പെടുന്ന നിഗൂഢ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ടെക്സസ് കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസുമായി സഹകരിച്ച് നടത്തിയ 14 ദിവസത്തെ ദൗത്യത്തിന്റെ സമാപനത്തിൽ ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ നടന്ന പത്രസമ്മേളനത്തിലാണ് നാസ ചിത്രങ്ങൾ പുറത്തുവിട്ടത്. 2025 മാർച്ച് 2-ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവർത്തിച്ചു. ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ദൗത്യം പൂർത്തിയാക്കി.
പടിഞ്ഞാറോട്ട് എടുത്ത രണ്ട് ചിത്രങ്ങളും ഭൂമിയെയും ശുക്രനെയും കൂടി ദൃശ്യമാകുന്ന വിധത്തിലാണ് പകർത്തിയത്. സൂര്യൻ പകുതിയോളം അസ്തമിക്കുന്ന സമയത്ത് ചന്ദ്രന്റെ ചക്രവാളത്തിൽ പ്രകാശം വ്യാപിക്കുന്നത് ഈ ചിത്രങ്ങളിൽ കാണാം. “സൂര്യൻ അസ്തമിക്കുകയും പിന്നീട് ചക്രവാളത്തിൽ ഇരുട്ടിലേക്ക് പോകുകയും ചെയ്യുന്നതിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങളാണിത്,” നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ പര്യവേക്ഷണ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ ജോയൽ കിയേൺസ് പറഞ്ഞു.
1972-ൽ അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ യാത്രികൻ യൂജിൻ സെർനാൻ ആണ് ചന്ദ്ര ചക്രവാള തിളക്കം ആദ്യമായി രേഖപ്പെടുത്തിയത്. ചെലവ് കുറയ്ക്കുന്നതിനും 2027-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളർ നിക്ഷേപത്തിന്റെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ.
തുടർന്നുള്ള നിരീക്ഷണങ്ങളിൽ ചന്ദ്രന്റെ നേർത്ത അന്തരീക്ഷത്തിലെ ചെറിയ പൊടിപടലങ്ങൾ ചന്ദ്രോദയത്തിലും സൂര്യാസ്തമയത്തിലും തിളങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന നിഗമനത്തിലെത്തി. അതേസമയം മറ്റ് ചില സിദ്ധാന്തങ്ങൾ കണികകൾ ഉയർന്നു പൊങ്ങി എന്നാണ് സൂചിപ്പിക്കുന്നത്. മാർച്ച് 14-ന് ഭൂമി ചന്ദ്രന്റെ ചക്രവാളത്തിൽ നിന്ന് സൂര്യനെ മറച്ചപ്പോൾ നടന്ന പൂർണ്ണ ഗ്രഹണത്തിന്റെ ഹൈ-ഡെഫനിഷൻ ചിത്രങ്ങളും ബ്ലൂ ഗോസ്റ്റിലെ ക്യാമറകൾ പകർത്തിയിരുന്നു.
അതിശയിപ്പിക്കുന്ന ഫോട്ടോകൾ പകർത്തുന്നതിനൊപ്പം, ബഹിരാകാശ കാലാവസ്ഥയും മറ്റ് പ്രപഞ്ച ശക്തികളും നമ്മുടെ ഗ്രഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നതിനെക്കുറിച്ചുള്ള വിപുലമായ ഡാറ്റയും ലാൻഡർ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങൾക്ക് വിലപ്പെട്ടതായിരിക്കും.
Story Highlights: Blue Ghost lander captures first high-definition images of sunset on the moon, providing insights into lunar horizon glow.