ചന്ദ്രനിലെ ഭീമൻ കുഴികളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നു. അപ്പോളോ ദൗത്യത്തിൽ നീൽ ആംസ്ട്രോങ്ങും സംഘവും ലാൻഡ് ചെയ്ത പ്രശാന്തിയുടെ കടൽ എന്ന മേഖലയ്ക്ക് സമീപമാണ് ഇത്തരമൊരു കുഴി കണ്ടെത്തിയിരിക്കുന്നത്. 45 മീറ്റർ വീതിയും 80 മീറ്റർ നീളവുമുള്ള ഈ കുഴി ഒരു ഭൂഗർഭ അറയിലേക്ക് നയിക്കുന്നു. ഏകദേശം 14 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണമുള്ള ഈ അറയിൽ ഒരു ചന്ദ്രത്താവളം പ്രവർത്തിപ്പിക്കാനുള്ള സാധ്യതകളുണ്ട്.
ചന്ദ്രോപരിതലത്തിലെ കുഴികളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ 50 വർഷമായി നിലനിൽക്കുന്നുണ്ടെങ്കിലും അടുത്തിടെയാണ് അവയുടെ ഉപയോഗസാധ്യതകൾ ചർച്ചയായത്. ഈ കുഴികൾ താപസ്ഥിരതയുള്ളവയാണ്. ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെയും രാത്രി -173 ഡിഗ്രി വരെയും താപനില വ്യത്യാസമുണ്ടാകുമ്പോൾ, ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടുന്നത്. ഇത് മനുഷ്യർക്ക് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമാണ്.
കോസ്മിക് വികിരണങ്ങൾ, സൂര്യനിൽ നിന്നുള്ള ഹാനികരമായ വികിരണങ്ങൾ, ചെറു ഉൽക്കകളുടെ ആക്രമണം എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ ഈ കുഴികൾക്ക് കഴിവുണ്ട്. നാസയുടെ ലൂണാർ റീക്കണൈസൻസ് ഓർബിറ്റർ പേടകത്തിൽ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടർ മോഡലിങ്ങും ഉപയോഗിച്ചാണ് ഈ നിഗമനത്തിൽ ശാസ്ത്രജ്ഞർ എത്തിയത്. ചന്ദ്രോപരിതലത്തിൽ രണ്ടായിരത്തോളം കുഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പലതും ലാവാട്യൂബുകൾ രൂപാന്തരം പ്രാപിച്ചതാണെന്നും ശാസ്ത്രജ്ഞർ കരുതുന്നു. ഭാവിയിലെ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി ഈ കുഴികൾ സുരക്ഷിതമായ താവളങ്ങളായി മാറുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.