◾ വേഷത്തിൽ സാധാരണത്വമുള്ള ‘എമ്പുരാനി’ലെ കഥാപാത്രത്തിൽ നിന്ന് ‘തുടരും’ സിനിമയിലേക്ക് എത്തുമ്പോൾ കൂടുതൽ ഡൗൺ ടു എർത്ത് ആകുന്നു.
കാലം കുറെ ഉരുണ്ടു. വിഷു വന്നു, വർഷം വന്നു, തിരുവോണം വന്നു; എന്നിട്ടും മലയാളിയുടെ ‘മോഹൻ ലാൽ’ എന്ന വികാരത്തിനു മാറ്റമില്ലെന്ന യാഥാർഥ്യം അടിവരയിട്ട് ഊട്ടിയുറപ്പിക്കുകയാണ് ‘തുടരും’ എന്ന സിനിമയിലൂടെ. ‘തുടരും’ അത്രയേറെ ആരാധിക്കപ്പെടുന്ന മോഹൻ ലാലിന്റെ ഏറ്റവും മേന്മയുള്ളൊരു ‘തുടർച്ച’യാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അപ്ഡേറ്റ് ചെയ്യപ്പെട്ട ‘ലാലിസ’ത്തിന്റെ രണ്ടാം പതിപ്പ്. ഈ അപ്ഡേഷനിൽ നിന്നും താഴെ പോകാതെ ചെത്തി മിനുക്കിയിനിയും അദ്ദേഹം തന്റെ കരിയർ ‘തുടരട്ടെ’യെന്ന് പ്രത്യാശിക്കാം.
പതിഞ്ഞ താളത്തിൽ ഇത്തിരി രസച്ചടരുകൾ മാത്രം കോർത്ത് ഏറെ വൈകാതെ ഗൗരവമേറിയ കഥാ സന്ദർഭങ്ങളിലേക്ക് നടത്തി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിലേക്ക് കടക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. ‘ആ താളത്തിനൊത്ത് സിനിമയെ തോളിലേറ്റാൻ മോഹൻ ലാൽ അല്ലാതെ മറ്റാരു’ണ്ടെന്ന ചോദ്യം സിനിമ കഴിയുമ്പോൾ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിന്റെയുത്തരം; ‘മോഹൻ ലാൽ മാത്രമേയുള്ളൂ’ എന്നതാകുന്നു.
‘എമ്പുരാൻ’ എന്ന സിനിമയിലൂടെ രാജ്യം ഒട്ടാകെ ചർച്ചയാകേണ്ട ഒരു വിഷയത്തെ ദീർഘ വീക്ഷണത്തോടു കൂടി അവതരിപ്പിക്കാൻ മോഹൻ ലാൽ ടൂർ ആയപ്പോൾ ‘തുടരും’ സിനിമയിൽ ആ ടൂൾ എത്രയേറെ ഒരു കാരണവശാലും ബലക്ഷയം സംഭവിക്കാത്ത ഒന്നാണെന്ന് ഉറപ്പിക്കുന്നു. അബ്രാം ഖുറേഷിക്കുമപ്പുറം സ്റ്റീഫൻ നെടുമ്പള്ളി ശ്രദ്ധിക്കപ്പെട്ടതിനു പിന്നിലെ കാരണം സ്റ്റീഫന്റെ സാധാരണതത്വമാണ്. വേഷത്തിൽ സാധാരണത്വമുള്ള കഥാപാത്രത്തിൽ നിന്ന് ‘തുടരും’ സിനിമയിലേക്ക് എത്തുമ്പോൾ കൂടുതൽ ഡൗൺ ടു എർത്ത് ആകുന്നു. വില്ലന്മാരോട് റിവഞ്ച് എടുക്കുന്ന, മല്ലന്മാരെ അടിച്ചു വീഴത്തുന്ന, വില്ലൊടിക്കുന്ന നായകനായ മോഹൻ ലാലിന്റെ ഷൺമുഖം മാറുമെങ്കിലും എന്തുകൊണ്ട് അങ്ങനെയൊക്കെ പരിവർത്തനം ചെയ്യേണ്ടി വന്നുവെന്നതിനു കൃത്യമായ ഉത്തരം ചിത്രത്തിലുണ്ട്.
ഇത്രയേറെ മെയ് വഴക്കത്തോടെ മോഹൻ ലാലിനെ കണ്ടിട്ട് എത്ര നാളായി എന്ന് പറഞ്ഞ് അത്ഭുതപ്പെടുമ്പോഴും ‘ഹീ ഇസ് ആൻ എക്സിസ്റ്റിങ് കിംഗ്’ എന്നത് സ്റ്റേറ്റ്മെന്റ് കൂടി ഗൗനിക്കപ്പെടേണ്ടതുണ്ട്. മോഹൻ ലാൽ ഒരിടത്തും പോയിട്ടില്ല, ഇനി പോയാൽ തന്നെ തിരിച്ച് കൊണ്ടു വരും. അതിനു പോന്നവരിവിടെയുണ്ട്. കാരണം മലയാള സിനിമയ്ക്ക് മോഹൻ ലാലിനോടുള്ള സമാനതകളില്ലാത്ത ഇഷ്ടവും താൽപര്യവും തന്നെയാണ്.
മുണ്ടുടുത്തിറങ്ങുന്ന മോഹൻ ലാലിനോളം വേറെ ആരെയും മലയാളി ഇങ്ങനെ കയ്യടിച്ചു വരവേറ്റിട്ടില്ല. ‘എമ്പുരാനി’ലെ ജംഗിൾ ഫൈറ്റിലും ‘തുടരും’ സിനിമയിലെ പൊലീസ് സ്റ്റേഷൻ ഫൈറ്റിലും കിട്ടിയ കയ്യടി തന്നെയല്ലേ അതിനു തെളിവ്. ചിരിയും രസവും ഇമോഷനുമെല്ലാം ഇവിടെ ഭദ്രം. രണ്ടാം പകുതിയിൽ ഇടയ്ക്കൊരിടത്ത് ‘കൈ വിട്ടു പോയ ഷൺമുഖന്റെ മനസ്സി’നെ ഒരു പൈശാചികമായ ചിരിയിലൂടെ അടയാളപ്പെടുത്തിയ ലാലിന് തന്റെ കഥാപാത്രം ചെയ്തതിനു പിന്നിലെ കാരണം ഇതിനു മനോഹരമായി ആവിഷ്കരിക്കാൻ സാധിക്കുമോ.! ‘ചതിക്കപ്പെട്ടവന്റെ ചിരി’ അത്രയേറെ പൈശാചികമായിരുന്നു. മോഹൻ ലാൽ ഞെട്ടുമ്പോൾ നമ്മൾ കൂടെ ഞെട്ടി. അയാളുടെ സംതൃപ്ത ഭാവം നമ്മളുടേതു കൂടിയായി. അയാളിലെ വേദന നമ്മുടെയും ഹൃദയം തുളച്ചു. അയാളുടെ കണ്ണുകളിൽ നിന്നും പൊടിഞ്ഞ കണ്ണുനീർ നമ്മളിലേക്കും പടർന്നു.
മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ പകരം വയ്ക്കാനില്ലാത്ത മനോഹര കഥാപാത്രമാണ് ഷൺമുഖം. സേതു മാധവൻ, രമേശൻ, ശിവ രാമൻ, ജോർജ് കുട്ടി, സത്യനാഥൻ, ആടു തോമ, ഡോ. സണ്ണി തുടങ്ങിയ മികച്ച കഥാപാത്രങ്ങളുടെ ശ്രേണിയിലായിരിക്കും ഷൺമുഖവും. ഒരു തുടർച്ചയുണ്ടായാലും ഇതൊരു ഫ്രാഞ്ചൈസായി മാറിയാലും അത്ഭുതമില്ല. കാരണം സേതു മാധവനെയും മംഗലശ്ശേരി നീലകണ്ഠനോയും ജോർജ് കുട്ടിയെയും സ്റ്റീഫൻ നെടുമ്പള്ളിയെയും പോലെ ആവർത്തിക്കപ്പെടേണ്ട കഥാപാത്രം തന്നെയാണ് ഷൺമുഖവും. ഒരു പക്ഷേ അക്കാലം അതി വിദൂരമായിരിക്കില്ല.
Story Highlights: Mohanlal’s “Thudarum” is a continuation of his acting prowess, showcasing an updated version of “Lalism” and tackling serious social issues.