മോഹൻലാൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആദ്യം ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് പോയത്. ദുരിതബാധിതരെ സന്ദർശിച്ച ശേഷം അദ്ദേഹം ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു.
അവിടെ വച്ച് മാധ്യമ പ്രവർത്തകരെ കാണുമെന്നാണ് റിപ്പോർട്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധ നേടി.
വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരുടെയും ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി മോഹൻലാൽ പറഞ്ഞു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് നന്ദി അറിയിച്ച മോഹൻലാൽ, മുമ്പും വെല്ലുവിളികളെ അഭിമുഖീകരിച്ച് കൂടുതൽ ശക്തരായതായും പറഞ്ഞു. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിന്ന് ഒരുമയുടെ കരുത്ത് കാട്ടാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നിട്ടുണ്ട്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്.
Story Highlights: Mohanlal visits Wayanad landslide disaster area, donates to relief fund Image Credit: twentyfournews