മോഹൻലാലിന്റെ 360-ാമത്തെ ചിത്രമായ L360-ന്റെ അവസാന ഘട്ട ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. രജപുത്രാ വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്. മൂന്നു ദിവസത്തെ ചെന്നൈ ഷെഡ്യൂളിനു ശേഷം യൂണിറ്റ് പാലക്കാട് വാളയാറിലേക്ക് മാറും. അവിടെ ഒരാഴ്ച നീളുന്ന ചിത്രീകരണമാണ് നടക്കുക.
കമ്പം, തേനി പ്രദേശങ്ങളിലും ചിത്രീകരണം നടക്കും. പിന്നീട് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ തൊടുപുഴയിലെത്തിയാണ് ചിത്രീകരണം പൂർത്തിയാകുന്നത്. റാന്നിയും മറ്റൊരു പ്രധാന ലൊക്കേഷനാണ്. ഇരുപത്തിയഞ്ചു ദിവസത്തോളം നീളുന്ന ഈ അവസാന ഷെഡ്യൂളിൽ ക്ലൈമാക്സ് ഉൾപ്പെടെയുള്ള നിർണ്ണായക രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ആകെ 110 ദിവസത്തെ ചിത്രീകരണമാണ് ഈ സിനിമയ്ക്ക് വേണ്ടി വരുന്നത്.
ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. ഏറെ നാളുകൾക്കു ശേഷം ശോഭന നായികയായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, അർഷാബൈജു തുടങ്ങി നിരവധി പ്രമുഖരും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
Story Highlights: Mohanlal’s 360th film L360 begins final phase of shooting in Chennai, to be completed in 25 days across multiple locations.