‘ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേ പേർക്ക് വലിയ മനോ വിഷമം ഉണ്ടാക്കിയത് മനസ്സിലാക്കുന്നതായും അതിൽ ഖേദം പ്രകടിപ്പിക്കുന്നതായും മോഹൻ ലാൽ. ‘ഫെയ്സ്ബുക്ക്’ കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മത വിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതുകൊണ്ടു തന്നെ തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണെന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് സിനിമാ ജീവിതം ജീവിച്ചതെന്നും എല്ലാവരുടെയും സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തി അതിൽ കവിഞ്ഞൊരു മോഹൻ ലാൽ ഇല്ലെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങളിൽ മോഹൻ ലാലിന്റെ പ്രതികരണം വരുമെന്നും അദ്ദേഹം ഖേദം പ്രകടിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം സംവിധായകൻ മേജർ രവി സൂചിപ്പിച്ചിരുന്നു.
Story Highlights: Mohanlal expressed regret over certain socio-political themes in ‘Empuraan’ causing distress to some and announced their removal.