കേരള അനാട്ടമി ആക്ട് പ്രകാരം അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകാൻ കളമശേരി മെഡിക്കല് കോളേജ് ഉപദേശക സമിതി തീരുമാനിച്ചു. ലോറൻസിന്റെ ആഗ്രഹം അതായിരുന്നുവെന്ന് വിശ്വാസയോഗ്യമായ സാക്ഷി മൊഴികൾ ഉണ്ടായിരുന്നതായി സമിതി വിലയിരുത്തി. മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ തുടങ്ങുമെന്നും സമിതി അറിയിച്ചു.
എം എം ലോറൻസിന്റെ മക്കളുടെ വാദങ്ങൾ സമിതി വിസ്തരിച്ച് കേട്ടു. വൈദ്യ പഠനത്തിന് വിട്ടു കൊടുക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് മകൻ സജീവൻ ആവർത്തിച്ചു. അത് അംഗീകരിച്ച രണ്ട് സാക്ഷി മൊഴികളും ഉണ്ടായിരുന്നു. എന്നാൽ, മകൾ ആശ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകരുതെന്ന് എതിർപ്പ് ആവർത്തിച്ചു. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ലെന്നും അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് സമ്മതിക്കില്ലായിരുന്നുവെന്നും അവർ വാദിച്ചു.
സാക്ഷികളായ അഡ്വ. അരുൺ ആൻ്റണിയും എബിയും മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുനൽകണം എന്നായിരുന്നു ലോറന്സിന്റെ ആഗ്രഹമെന്ന് ഉപദേശക സമിതിയെ അറിയിച്ചു. എന്നാൽ മകൾ ആശ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നും അച്ഛനെ പള്ളിയിൽ അടക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം.
Story Highlights: CPI(M) leader MM Lawrence’s body to be donated for medical study as per his wish, despite family disagreement