കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വിവിധ തസ്തികകളിലായി 8700 ഒഴിവുകൾ. ഇന്റലിജൻസ് ബ്യൂറോയിലും അതിന്റെ സബ്സിഡിയറികളിലുമായി നിരവധി അവസരങ്ങൾ ഉണ്ട്. അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/എക്സിക്യൂട്ടീവ് (ACIO-II/ Exe) തസ്തികയിൽ 3,717 ഒഴിവുകളുണ്ട്. ഈ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയമാണ്. ഉദ്യോഗാർത്ഥികൾക്ക് 44,900-1,42,400 രൂപ വരെ ശമ്പളം ലഭിക്കും.
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികയിൽ 4,987 ഒഴിവുകളാണ് ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ ഉള്ളത്. തിരുവനന്തപുരം ഉൾപ്പെടുന്ന സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുകളുണ്ട്. പത്താം ക്ലാസ് ജയം/തത്തുല്യം ആണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കുന്ന ബ്യൂറോ ഉൾപ്പെടുന്ന റീജിയനിലെ പ്രാദേശികഭാഷാ പരിജ്ഞാനം, ‘Domicile’ സർട്ടിഫിക്കറ്റുമാണ് മറ്റ് യോഗ്യതകൾ.
അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 18 വയസ്സിനും 27 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. ഈ തസ്തികയിലേക്ക് ഓഗസ്റ്റ് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ബിരുദമാണ് ഈ പോസ്റ്റിലേക്കുള്ള പ്രധാന യോഗ്യത.
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും 18 വയസ്സിനും 27 വയസ്സിനും ഇടയിൽ പ്രായമുണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് 21,700-69,100 രൂപ വരെ ശമ്പളം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിശദ വിവരങ്ങൾ www.mha.gov.in; www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഈ വെബ്സൈറ്റുകൾ സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ അറിയാവുന്നതാണ്.
Story Highlights: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ 8700 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.