വയനാട് മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ ഭക്ഷ്യവിഷബാധ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണം ആവശ്യപ്പെട്ടു. വയനാട് ജില്ലാ കളക്ടറോടാണ് മന്ത്രി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുന്നത്. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 40 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇന്നലെ ഉച്ചഭക്ഷണത്തിനു ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ചോറ്, സാമ്പാർ, മുട്ട എന്നിവയായിരുന്നു ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ചഭക്ഷണം കഴിച്ചിരുന്നുവെങ്കിലും, 40 കുട്ടികൾക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്.