ആമയിഴഞ്ചാൻ തോട് അപകടം: റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി

Anjana

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ ഇന്ത്യൻ റെയിൽവേയെ കഠിനമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കാണെന്നും, അവരുടെ പ്രോപ്പർട്ടിയായതിനാൽ നഗരസഭയെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി ആരോപിച്ചു.

റെയിൽവേ ഒരു കാര്യവും ചെയ്തിരുന്നില്ലെന്നും ഇതാണ് പ്രധാന പ്രശ്നമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹം ഒറ്റക്കെട്ടായി തൊഴിലാളിക്കായി തിരച്ചിൽ നടത്തുമ്പോൾ റെയിൽവേയുടെ രണ്ട് എഞ്ചിനീയർമാർ മാത്രമാണ് സ്ഥലത്തുള്ളതെന്നും, ഡിവിഷണൽ ഓഫീസറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ ഒരു ഉദ്യോഗസ്ഥനും സംഭവ സ്ഥലത്തെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ ജോയിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. രാവിലെ 10 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയി ഒഴുക്കിൽപ്പെട്ട് കാണാതായത്. മാലിന്യം നീക്കി സ്കൂബ സംഘം ടണലിലേക്ക് പ്രവേശിച്ച് പരിശോധന നടത്തുന്നുണ്ട്. ഈ സംഭവം തിരുവനന്തപുരത്തെ മാലിന്യ പ്രശ്നത്തിന്റെ ഗൗരവം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.