മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ സന്ദർശനം മുസ്ലീം ലീഗിന് ഒഴിവാക്കാമായിരുന്നുവെന്നും വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണിതെന്നും മന്ത്രി ട്വന്റി ഫോറിനോട് വ്യക്തമാക്കി.
ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്ന പണിയാണ് ലീഗ് എടുക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി പാണക്കാടിനെ മാറ്റാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം വിമർശിച്ചു. ലീഗിനെ വിമർശിക്കുന്നതിൽ പുതുമയൊന്നുമില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ വിമർശനവിധേയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ നിലപാടിനെയും മന്ത്രി വിമർശിച്ചു. രാഷ്ട്രീയ വിമർശനത്തെ ഈ നിലയിൽ കാണുന്നത് പ്രതിപക്ഷ നേതാവിന്റെ കപടതയാണെന്നും അദ്ദേഹത്തിന്റേത് താൻപ്രമാണിത്തമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തന്റെ ഉത്തരവാദിത്വം എന്നുള്ളത് വി ഡി സതീശന്റെ വ്യക്തിവാദമാണെന്നും ജയിച്ചാൽ തന്റെ നേട്ടമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Minister P A Muhammad Riyas criticizes Muslim League for Sandeep Warrier’s Panakkad visit, calling it helpful to BJP’s communal polarization efforts