ലോകത്തെ ജ്യോതിശ്ശാസ്ത്രജ്ഞർ ഏറെ ചർച്ച ചെയ്യുന്ന ഒരു പ്രാപഞ്ചിക വസ്തുവാണ് സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ അഥവാ അതിപിണ്ഡ തമോഗർത്തം. സൂര്യനെക്കാൾ 43 ലക്ഷം മടങ്ങ് പിണ്ഡമുള്ളതാണ് സൗരയൂഥത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള സജിറ്റേറിയസ് എ സ്റ്റാർ എന്നറിയപ്പെടുന്ന തമോഗർത്തം. ഈ തമോഗർത്തത്തിന്റെ പിറവി സംബന്ധിച്ച് പുതിയൊരു സിദ്ധാന്തം നേച്ചർ ആസ്ട്രോണമി എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 900 കോടി വർഷം മുൻപ് മറ്റൊരു തമോഗർത്തവുമായി കൂടിച്ചേർന്നാണ് ഇത് ഉണ്ടായതെന്നാണ് പുതിയ സിദ്ധാന്തം. ക്ഷീരപഥവും ഗയ്യ-എൻസെലാദസ് ഗ്യാലക്സി എന്നൊരു താരാപഥവും തമ്മിൽ കൂടിച്ചേർന്നപ്പോഴാണ് തമോഗർത്തങ്ങളുടെ കൂടിച്ചേരലും സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 10,000 കോടിയിലധികം നക്ഷത്രങ്ങളും 10 കോടിയോളം തമോഗർത്തങ്ങളും ഉൾപ്പെടുന്നതാണ് സ്പൈറൽ ആകൃതിയിലുള്ള ആകാശഗംഗ. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും.
എൺപതുകളുടെ തുടക്കത്തിൽ റെയ്നാഡ് ഗെൻസൽ, ആൻഡ്രിയ ഗെസ് എന്നീ രണ്ട് യുവശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലൂടെയാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് തമോഗർത്തമാണ് സ്ഥിതി ചെയ്യുന്നതെന്ന തിരിച്ചറിയലിലേക്ക് എത്തിയത്.