ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് സേവനങ്ങൾ തകരാറിലായി. സ്ട്രൈക്ക് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിനു പിന്നാലെയാണ് പ്രശ്നം ഉണ്ടായത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളിൽ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് (BSOD) എറർ മുന്നറിയിപ്പ് കാണിക്കുന്നു. വിമാന സർവീസുകളെയും ഈ തകരാർ ബാധിച്ചിട്ടുണ്ട്.
സ്പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ഓൺലൈൻ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചു. സേവനദാതാവുമായുള്ള സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് അവർ അറിയിച്ചു. വിമാനത്താവളങ്ങളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ നടപ്പിലാക്കും. യാത്രക്കാർ നേരത്തെ എത്തണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
മൈക്രോസോഫ്റ്റ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതായി അറിയിച്ചു. ക്രൗഡ് സ്ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിലാണ് തകരാർ കൂടുതലായി ബാധിച്ചത്. സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നിരിക്കുന്നു. എക്സിൽ പോസ്റ്റുകളും ബ്ലൂ സ്ക്രീൻ എറർ ചിത്രങ്ങളും നിറഞ്ഞു. കമ്പനി സിഇഒയെ ടാഗ് ചെയ്തുകൊണ്ടാണ് പലരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.