മെസിയുടെ വരവ്: കേരളത്തിന്റെ ഫുട്ബോൾ പ്രണയത്തിന് പുതിയ അധ്യായം

Anjana

Messi Kerala visit

കേരളത്തിലേക്ക് കാൽപ്പന്തിന്റെ മിശിഹ എത്തുന്നതിന്റെ ആവേശത്തിലാണ് മലയാളികൾ. 14 വർഷങ്ങൾക്ക് മുമ്പ് മെസി ഇന്ത്യയിൽ ഫുട്ബോൾ കളിക്കാനെത്തിയിരുന്നു. 2011-ലാണ് അർജന്റീന ഇന്ത്യയിൽ പന്ത് തട്ടാനെത്തിയത്. കൊൽക്കത്തയിലായിരുന്നു മത്സരം. എതിരാളികൾ വെനസ്വേല. ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും തട്ടകത്തിൽ സബലിസ്റ്റുകളുടെ പന്താട്ടത്തിന്റെ വിസ്മയം കാണാൻ ആരാധകർ കാത്തിരുന്നു.

മെസിയെത്തി. ഒപ്പം മാലാഖയായ ഏയ്ഞ്ചൽ ഡി മരിയയും. ഗോളടി വീരൻ സെർജി അഗ്വിറോ, മഷുറാനോ, ഗോണ്‍സാലോ ഹിഗ്വെയിൻ തുടങ്ങി ഫുട്ബോൾ ലോകത്തെ ഒരു പിടി നക്ഷത്രങ്ങൾ ഇന്ത്യൻ മണ്ണിലേക്കിറങ്ങി വന്ന അപൂർവ കാ‍ഴ്ച. 1-0 ന് അർജന്റീന വെനസ്വേലയെ തോൽപ്പിച്ചു. നിക്കോളാസ് ഓട്ടമെൻഡിയാണ് ഗോൾ നേടിയത്. 70,000 ത്തോളം കാണികൾക്ക് ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ വിരുന്നേകി അർജന്റീന മടങ്ങി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതിനും മുമ്പ് ഇന്ത്യ അർജന്റീനയോട് ഫുട്ബോൾ മൈതാനത്ത് ഏറ്റുമുട്ടിയിരുന്നു. 1984 ലെ നെഹ്രു കപ്പിലായിരുന്നു ഇന്ത്യയും അർജന്റീനയും തമ്മിലുള്ള മത്സരം. എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ജയിച്ചു. കാലവും കാത്തിരിപ്പും എത്രയോ ക‍ഴിഞ്ഞു. ഇന്ത്യ ഫുട്ബോളിൽ താ‍ഴോട്ടിറങ്ങി. പക്ഷേ മലയാളി എന്നും ഫുട്ബോളിനെ പ്രണയിച്ചു കൊണ്ടിരിക്കും. പു‍ഴകളിൽ പോലും പ്രിയ താരങ്ങൾക്ക് കട്ടൗട്ടുകൾ ഒരുക്കും. ഹൃദയം കൊണ്ട് പന്തു തട്ടുന്നവരാണ് അർജന്റീന. അതേ അർജന്റീനയെ ഹൃദയത്തിലേറ്റുന്നവരാണ് മലയാളികൾ. ആ ഹൃദയം മിടിക്കുന്നത് മിശിഹായുടെ വരവിനായാണ്. കാത്തിരിപ്പ് ഇനി അധികം വൈകില്ല.

Story Highlights: Messi’s arrival in Kerala sparks excitement among football fans, recalling Argentina’s previous visits to India

Leave a Comment