മെഴ്സിഡീസ് ബെൻസിന്റെ പുതിയ പെർഫോമൻസ് മോഡലായ എഎംജി സി63 എസ്.ഇ. പെർഫോമൻസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളുടെ ഈ കലണ്ടർ വർഷത്തിലെ അവസാന ലോഞ്ച് കൂടിയാണിത്. വെറും 3.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗതയിലെത്താൻ കഴിയുന്ന ഈ വാഹനം അതിവേഗ പ്രകടനത്തിന് പേരുകേട്ടതാണ്.
‘ലോകത്തിലെ ഏറ്റവും കൂടുതൽ ശക്തിയുള്ള നാല് സിലിണ്ടർ എഞ്ചിൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വാഹനത്തിൽ ഫോർമുല വൺ സാങ്കേതികവിദ്യയിൽ നിന്നുള്ള ഹൈബ്രിഡ് കഴിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 476 ബി.എച്ച്.പി. കരുത്താണ് നാലുസിലിണ്ടർ എൻജിൻ മാത്രം പുറത്തെടുക്കുന്നത്. ഇലക്ട്രിക് എക്സ്ഹോസ്റ്റ് ഗ്യാസ് ടർബോ ചാർജറുമായി സംയോജിപ്പിച്ച ലോകത്തിലെ ആദ്യത്തെ സീരീസ്-പ്രൊഡക്ഷൻ എഞ്ചിനും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
89 കിലോഗ്രാം ഭാരമുള്ള 6.1 kWh ഹൈ-പെർഫോമൻസ് ബാറ്ററി പാക്കാണ് വാഹനത്തിലുള്ളത്. ഇത് 13 കിലോമീറ്റർ വരെ റേഞ്ച് നൽകും. മെഴ്സിഡസ് സി-ക്ലാസ് ശ്രേണിയിലെ ഏറ്റവും മുകളിലുള്ള മോഡലാണ് C63 S E പെർഫോമൻസ്. സാധാരണ C-ക്ലാസിനേക്കാൾ 83 mm കൂടുതൽ നീളവും 50mm വിപുലീകൃത മുൻഭാഗവും ഈ വാഹനത്തിനുണ്ട്. 19 ഇഞ്ച് അലോയ് വീലുകളാണ് സ്റ്റാൻഡേർഡ്, എന്നാൽ 20 ഇഞ്ച് വീലുകളും ഓപ്ഷനായി ലഭ്യമാണ്. ഇലക്ട്രിക്, കംഫേർട്ട്, ബാറ്ററി ഹോൾഡ്, സ്പോർട്ട്, സ്പോർട്ട് പ്ലസ്, റേസ്, സ്ലിപ്പറി എന്നിങ്ങനെ എട്ട് വ്യത്യസ്ത ഡ്രൈവ് മോഡുകളും ഈ വാഹനത്തിൽ ലഭ്യമാണ്.
Story Highlights: Mercedes-Benz launches AMG C63 S E Performance in India with hybrid technology and powerful performance