മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐഎൻഐ) വിഭാഗത്തിലെ സ്ഥാപനങ്ങൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജനുവരി 2025 സെഷനിലേക്കുള്ള ഐഎൻഐ-എസ്എസ് എൻട്രൻസ് ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിഎം/എംസിഎച്ച്, എംഡി (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനമാണ് പരീക്ഷയുടെ പരിധിയിൽ വരുന്നത്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ), ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്സിടിഐഎംഎസ്ടി) എന്നിവയാണ് പരീക്ഷാ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ.
തിരഞ്ഞെടുപ്പിന് രണ്ട് ഘട്ടങ്ങളുണ്ട്. ഒക്ടോബർ 25-ന് നടത്തുന്ന ഓൺലൈൻ കംപ്യൂട്ടർ ബേസ്ഡ് എൻട്രൻസ് പരീക്ഷയാണ് ആദ്യഘട്ടം. 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന ഈ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. ആദ്യഘട്ടത്തിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക തയ്യാറാക്കും. എയിംസ്, പിജിഐഎംഇആർ എന്നിവയിലെ പ്രവേശനത്തിന് രണ്ടാം ഘട്ടവും ഉണ്ടാകും. ഒക്ടോബർ 14 വൈകീട്ട് അഞ്ചുവരെ iniss.aiimsexams.ac.in/ വഴി അപേക്ഷ നൽകാം.
Story Highlights: Medical Super Specialty Entrance Test for INI institutions announced for January 2025 session admissions