കാസർകോഡ് നീലേശ്വരത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് 19 ഗ്രാം എംഡിഎംഎയുമായി 28-കാരനായ പടന്നക്കാട് സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് യശ്വന്ത്പൂർ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് വിൽപ്പന നടത്താനായിരുന്നു വിഷ്ണുവിന്റെ ശ്രമം. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്പെഷ്യൽ സ്ക്വാഡും നീലേശ്വരം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വിഷ്ണു നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബംഗളൂരുവിൽ നിന്ന് നീലേശ്വരം വരെ ട്രെയിനിൽ പ്രതിയെ പിന്തുടർന്ന പോലീസ് സംഘം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലടക്കം കാവൽ ഏർപ്പെടുത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ലഹരി വേട്ട തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് വടകരയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് എട്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. ആർപിഎഫും പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കൊല്ലത്ത് മയക്കുമരുന്ന് മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ യുവതി 90 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കർണാടകത്തിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയത്. ബംഗ്ലൂരു-കൊച്ചി-കൊല്ലം മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ അഞ്ചാലുംമൂട് സ്വദേശിനി അനില രവീന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട്ട് പിടികൂടിയ യുവാവ് നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. യുവാവിനെതിരെ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Highlights: Police arrested a 28-year-old man with 19 grams of MDMA at Nileshwaram railway station in Kasaragod.