പുണെയിലെ എംസിഎ സ്റ്റേഡിയത്തില് നടക്കുന്ന ഇന്ത്യ-ന്യൂസീലന്ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കാണികള് കുടിവെള്ളം കിട്ടാതെ വലഞ്ഞത് വലിയ വാര്ത്തയായിരുന്നു. കാണികളുടെ പ്രതിഷേധത്തെ തുടര്ന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് രണ്ടാം ദിനത്തില് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടു.
രണ്ടാം ദിവസത്തെ മത്സരത്തിന് മുന്നോടിയായി 20 ലിറ്ററിന്റെ 3,800 കാനുകളിലായി ഏകദേശം ഒരു ലക്ഷം ലിറ്റര് കുടിവെള്ളമാണ് അസോസിയേഷന് ക്രമീകരിച്ചത്. 500 കാനുകള് അടിയന്തര ആവശ്യത്തിനായി സ്റ്റേഡിയം പരിസരത്ത് സൂക്ഷിച്ചു. വിവിധ ബൂത്തുകളിലായി വെള്ളം വിതരണം ചെയ്തത് പൊള്ളുന്ന വെയിലില് ക്രിക്കറ്റ് ആരാധകര്ക്ക് ആശ്വാസമായി.
ആദ്യ ദിനത്തില് കുടിവെള്ളം ലഭിക്കാതിരുന്നതിനെ തുടര്ന്ന് കാണികള് പ്രതിഷേധിച്ചിരുന്നു. സംഭവത്തില് എംസിഎ സെക്രട്ടറി കമലേഷ് പിസല് മാപ്പ് പറഞ്ഞു. പ്രതിഷേധത്തെ തുടര്ന്ന് സന്നദ്ധപ്രവര്ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും കുടിവെള്ള കുപ്പികള് ശേഖരിച്ച് വിതരണം ചെയ്തെങ്കിലും ഇതിന് സമയമെടുത്തത് കാണികളെ വീണ്ടും അസ്വസ്ഥരാക്കി. പ്ലാന്റില് നിന്ന് സ്റ്റേഡിയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന വാഹനം വൈകിയതാണ് പ്രശ്നത്തിന് കാരണമായത്.
Story Highlights: Maharashtra Cricket Association resolves water shortage issue at India-New Zealand Test match in Pune