കൊച്ചി : എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗണ്സിലര്മാര്ക്കും ഓണക്കോടിയോടൊപ്പം പതിനായിരം രൂപയും വെറുതെ നല്കി നഗരസഭാധ്യക്ഷ. പണത്തിന്റെ ഉറവിടത്തിലുണ്ടായ സംശയത്തെ തുടർന്ന് പതിനെട്ട് കൗണ്സിലര്മാര് പണം തിരികെ നൽകി. ചെയര്പഴ്സന്റെ നടപടിയില് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജിലന്സ് ഡയറക്ടര്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
ഈ കോവിഡ് കാലത്ത് ഓണത്തിന് അരിവാങ്ങാന് പണമില്ലാതെ ജനങ്ങൾ നട്ടംതിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭാധ്യക്ഷ ലക്ഷങ്ങള് പൊടിച്ച് കൗണ്സിലര്മാര്ക്ക് ഓണക്കൈനീട്ടം സമാനിച്ചത്. 43 കൗണ്സിലര്മാര്ക്കും ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ഓണക്കോടിയോടൊപ്പം പതിനായിരം രൂപയായിരുന്നു സമ്മാനമായി നൽകിയത്.
യുഡിഎഫ് അധികാരത്തിളുള്ള തൃക്കാക്കര നഗരസഭയിലെ അധ്യക്ഷ അജിത തങ്കപ്പനാണ് അംഗങ്ങളെ ഓരോരുത്തരെയും ക്യാബിനില് വിളിച്ച് പണമടങ്ങിയ കവർ സ്വകാര്യമായി കൈമാറിയത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നുമായിരിക്കുമെന്ന് അംഗങ്ങൾ സംശയപ്പെട്ടു.
സംഭവം വിവാദമായതോടെ നഗരസഭാധ്യക്ഷ ആരോപണങ്ങൾ തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. 10000 രൂപ നൽകിയിട്ടില്ലന്നായിരുന്നു ഇവരുടെ വാദം. കൗൺസിലർമാർ പണം തിരികെ നൽകിയെന്നത് കളവാണെന്നും അജിത താങ്കപ്പൻ പ്രതികരിച്ചു.
Story highlight: mayor gave ten thousand rupees for free as onam gift