മാർക്കോ എന്ന ചിത്രത്തിന്റെ ടെലിവിഷൻ പ്രദർശനത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ നിയോ-നോയർ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആണ് നായകൻ. ചിത്രത്തിലെ അതിരുകടന്ന അക്രമരംഗങ്ങൾ കാരണം യു അല്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റിലേക്ക് ചിത്രത്തെ ഉൾപ്പെടുത്താനാവില്ലെന്നാണ് സെൻസർ ബോർഡിന്റെ വിലയിരുത്തൽ. സിനിമയുടെ ഒടിടി പ്രദർശനവും തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 20ന് കേരളത്തിൽ റിലീസ് ചെയ്ത മാർക്കോ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഈ ഭാഷകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ജനുവരി 31 മുതൽ കന്നഡയിലും മാർക്കോ റിലീസ് ചെയ്തിട്ടുണ്ട്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി, ആദ്യ ദിനം തന്നെ 1.75 കോടി ഗ്രോസ് കളക്ഷൻ നേടി എന്ന പ്രത്യേകതയും മാർക്കോയ്ക്കുണ്ട്. അതേസമയം, ചിത്രത്തിന്റെ ടെലിവിഷൻ, ഒടിടി പ്രദർശനങ്ങൾ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
Story Highlights: The Censor Board has blocked the television and OTT release of the Malayalam film ‘Mārkō’ due to excessive violence.