മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വൈകി ഉദിച്ച വിവേകമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിമർശിച്ചു. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ചിത്രത്തിലെ ചില അക്രമരംഗങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീയറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെയും മൊബൈൽ ഫോണുകളിലൂടെയും ബഹുഭൂരിപക്ഷം ആളുകളും ചിത്രം കണ്ടുകഴിഞ്ഞ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ നടപടിക്ക് പ്രസക്തിയില്ലെന്നും കാതോലിക്കാ ബാവാ ചൂണ്ടിക്കാട്ടി.
വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതിന് തുല്യമാണ് സെൻസർ ബോർഡിന്റെ നടപടിയെന്നും കാതോലിക്കാ ബാവാ പറഞ്ഞു. യു അല്ലെങ്കിൽ യു/എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത തരത്തിലുള്ള അക്രമരംഗങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സെൻസർ ബോർഡിന്റെ വിലയിരുത്തൽ. മാർക്കോ സിനിമ ടെലിവിഷൻ ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിഷേധിച്ചിരുന്നു.
ലോവർ കാറ്റഗറിയിലേക്ക് മാറ്റാനുള്ള അപേക്ഷയും സിബിഎഫ്സി തള്ളി. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. കൂടുതൽ രംഗങ്ങൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സിബിഎഫ്സി അറിയിച്ചു. ചിത്രത്തിന്റെ ഒ.ടി.ടി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും വിശദീകരണമുണ്ട്.
‘മാർക്കോ’യ്ക്ക് തിയേറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നൽകേണ്ടെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും കാതോലിക്കാ ബാവാ ചോദിച്ചു.
Story Highlights: The Orthodox Church criticizes the Central Board of Film Certification’s decision to deny satellite broadcast permission for the film “Marco” as belated wisdom.