പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാന ഷൂട്ടർ മനു ഭാക്കർ നേടിയ രണ്ട് വെങ്കല മെഡലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. മെഡലുകളുടെ നിറം മാറിപ്പോയതാണ് പ്രശ്നം. ലോകമെമ്പാടുമുള്ള നിരവധി അത്ലറ്റുകൾ സോഷ്യൽ മീഡിയയിൽ കേടുവന്ന മെഡലുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മെഡലുകൾ നശിച്ചുവെന്ന് നിരവധി അത്ലറ്റുകൾ പരാതിപ്പെടുന്നുമുണ്ട്.
ഐഒസി (ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി) കേടായ മെഡലുകൾ തിരിച്ചുനൽകുമെന്ന് സൂചന നൽകിയിട്ടുണ്ട്. ഫ്രഞ്ച് സ്റ്റേറ്റ് മിന്റ് (മൊണ്ണെയ് ഡി പാരീസ്) ആണ് ഈ മെഡലുകൾ നിർമ്മിച്ചത്. ഫ്രാൻസിനായി നാണയങ്ങളും മറ്റ് കറൻസികളും അച്ചടിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്രഞ്ച് സ്റ്റേറ്റ് മിന്റ്. ഓരോ ഒളിമ്പിക് മെഡലിന്റെയും മധ്യഭാഗത്ത് പതിച്ച ഇരുമ്പ് കഷ്ണങ്ങൾക്ക് 18 ഗ്രാം ഭാരം വരും.
പാരീസ് ഒളിമ്പിക്, പാരാലിമ്പിക് മെഡലുകളിൽ പ്രസിദ്ധമായ ഈഫൽ ടവറിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പാരീസ് ഒളിമ്പിക്സ് സംഘാടക സമിതി മൊണ്ണെയ് ഡി പാരീസുമായി അടുത്ത് പ്രവർത്തിക്കുന്നതിനാൽ, കേടായതും തകരാറുള്ളതുമായ എല്ലാ മെഡലുകളും വരും ആഴ്ചകളിൽ മാറ്റി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഭാക്കറിന്റെ മെഡലുകൾക്കും ഈ വിധത്തിൽ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Story Highlights: Manu Bhaker’s Paris Olympics bronze medals tarnished, raising concerns about medal quality and prompting replacements by the IOC.