ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങൾക്കൊടുവിൽ എംആർ അജിത് കുമാറിനെ മാറ്റിയാണ് മനോജ് എബ്രഹാമിനെ നിയമിച്ചത്. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതലകളിലേക്കെത്തുന്നത്. പി വിജയൻ ഇന്റലിജൻസ് എഡിജിപിയായി സ്ഥാനമേറ്റെടുത്തതിന്റെ അടിസ്ഥാനത്തിലാണ് മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തത്.
എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ സംസ്ഥാന പൊലീസ് മേധാവിയും പ്രത്യേക സംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടിയെടുത്തുകൊണ്ട് ഉത്തരവിറങ്ങിയത്. എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയടക്കം ഡിജിപിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ആർ എസ് എസ് നേതാക്കളെ കണ്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ വിശദീകരണവും ഡിജിപി റിപ്പോർട്ടിൽ തള്ളിയിരുന്നു.
നിയമന ഉത്തരവിറങ്ങിയത് കഴിഞ്ഞ ഞായറാഴ്ചയാണ്. എന്നാൽ പുതിയ ഇന്റലിജൻസ് മേധാവി സ്ഥാനമേൽക്കാത്തതിനാൽ മനോജ് എബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുത്തിരുന്നില്ല. അതേസമയം, ഇന്റലിജൻസ്, ക്രമസമാധാനം എന്നീ സുപ്രധാന ചുമതലകൾ ഒരുമിച്ച് ഏറ്റെടുക്കാൻ കഴിയില്ലെന്ന് മനോജ് എബ്രഹാം സർക്കാരിനെ അറിയിച്ചിരുന്നു.
Story Highlights: Manoj Abraham takes charge as ADGP for law and order in Kerala after controversy