മണിപ്പൂർ സംഘർഷത്തിൽ മുഖ്യമന്ത്രി ബിരേൻ സിങിന് നേരിട്ട് പങ്കുണ്ടെന്ന സംശയം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് 10 കുകി എംഎൽഎമാർ ആവശ്യപ്പെട്ടു. ദി വയർ പുറത്തുവിട്ട ഓഡിയോയുമായി ബന്ധപ്പെട്ടാണ് ഈ നീക്കം. അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ സംസ്ഥാനത്തെ സംഘർഷം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എംഎൽഎമാർ ആവശ്യപ്പെടുന്നു.
ബിരേൻ സിങിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയില്ലെങ്കിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിലെ 48 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ മണിപ്പൂരിലെ സംഘർഷത്തിൽ താൻ മെയ്തെയ് വിഭാഗത്തിന് അനുകൂലമായി പക്ഷപാതപരമായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ ഈ ശബ്ദം മുഖ്യമന്ത്രിയുടേതല്ലെന്നും വ്യാജ ഓഡിയോ ആണെന്നും സർക്കാർ വൃത്തങ്ങൾ വാദിക്കുന്നു. ഈ ഓഡിയോ ക്ലിപ്പ് മണിപ്പൂർ സംഘർഷം അന്വേഷിക്കുന്ന അജയ് ലാംബ കമ്മീഷന് മുൻപിലേക്ക് എത്തിയിട്ടുണ്ട്. 10 കുക്കി എംഎൽഎമാർ സംയുക്ത പ്രസ്താവനയിറക്കി മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
അക്രമം തുടങ്ങിയ ആദ്യ ദിവസം തന്നെ മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്ന് തങ്ങൾ പറഞ്ഞതാണെന്നും അത് ഇപ്പോൾ സംശയാതീതമായി തെളിഞ്ഞിരിക്കുന്നുവെന്നും അവർ വിമർശിച്ചു. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ 226 പേർ കൊല്ലപ്പെടുകയും 39 പേരെ കാണാതാവുകയും ചെയ്തു. 60,000 ത്തോളം കുക്കി-മെയ്തെയ് വിഭാഗക്കാർക്ക് തങ്ങളുടെ വീടുകൾ വിട്ട് ഓടിപ്പോകേണ്ടി വന്നു.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി. ജെ. പിക്ക് സംഘർഷം അവസാനിപ്പിക്കാൻ സാധിക്കാത്തത് വലിയ വീഴ്ചയാണ്.
Story Highlights: Manipur Tapes: Kuki MLAs demand CM Biren Singh’s resignation over alleged involvement in ethnic conflict