മമ്മൂട്ടി തന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്നു. നടൻ മധുവിന്റെ ജന്മദിനത്തിൽ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത് “എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ” എന്നാണ്.
1933 സെപ്റ്റംബർ 23-ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി മധു ജനിച്ചു. പഠനകാലത്ത് നാടകരംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, 1957 മുതൽ 1959 വരെ നാഗർകോവിലിലെ രണ്ട് കോളേജുകളിൽ ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ചു.
മാധവൻ നായർ എന്ന മധു 1963-ൽ ‘മൂടുപടം’ എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. അതോടൊപ്പം ‘നിണമണിഞ്ഞ കാൽപാടുകളിലും’ അഭിനയിച്ചു. സത്യനും പ്രേംനസീറും നിറഞ്ഞുനിന്ന കാലത്താണ് സിനിമയിലെത്തിയതെങ്കിലും, സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഇടം നേടിയെടുക്കാൻ മധുവിന് കഴിഞ്ഞു. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.
മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ‘ചെമ്മീൻ’ ആണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി എന്ന ദുരന്ത കാമുകൻ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. വർഷങ്ങൾക്ക് ശേഷവും മധുവിനെ കാണുമ്പോൾ ചെമ്മീനിലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. മിമിക്രി താരങ്ങൾ പോലും മധുവിനെ അനുകരിക്കുന്നത് ചെമ്മീനിലെ സംഭാഷണങ്ങളിലൂടെയാണ്.
വിഖ്യാത എഴുത്തുകാരായ ബഷീർ, എം.ടി വാസുദേവൻ നായർ, പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്ട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ രാമകൃഷ്ണൻ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള അവസരം മധുവിന് ലഭിച്ചു. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവിനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻ പ്രേമത്തിലെ ഇക്കോരൻ, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധു പകർന്ന ഭാവതീക്ഷ്ണതകൾ സുവർണ ലിപികളിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രേംനസീർ മലയാളസിനിമയിലെ നിത്യഹരിത നായകനായിരുന്നുവെങ്കിൽ മധു നിത്യവിസ്മയമാണെന്നും തന്നെ പറയാം.
Story Highlights: Mammootty wishes actor Madhu on his birthday, calling him his superstar