മമ്മൂട്ടി നായകനായി എത്തിയ ‘ടർബോ’ സിനിമ ഗൾഫ് രാജ്യങ്ങളിൽ അറബി ഭാഷയിൽ പ്രദർശനത്തിനെത്തുന്നു. ‘ടർബോ ജാസിം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ഈ ചിത്രം ഇന്ത്യൻ സിനിമകളിൽ നിന്ന് ആദ്യമായി അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ചിത്രമാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അറബിക് പതിപ്പ് വേറിട്ടതാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
17 ഡബ്ബിങ് കലാകാരന്മാരാണ് ഈ ചിത്രത്തിന്റെ അറബി പതിപ്പിന് ശബ്ദം നൽകിയിരിക്കുന്നത്. ഇതിൽ 11 പേർ യുഎഇ സ്വദേശികളാണ്. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ഗൾഫ് രാജ്യങ്ങളിൽ ഈ ചിത്രം പ്രദർശനത്തിനെത്തുക. അറബി ഭാഷയുടെ പ്രചാരണവും അവിടുത്തെ പ്രതിഭകളുടെ കഴിവ് ദേശീയ-അന്തർദേശീയ തലത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
മൂന്നാഴ്ച കൊണ്ടാണ് ഈ ചിത്രം പൂർണമായും അറബി ഭാഷയിലേക്ക് മാറ്റിയത്. സമദ് ട്രൂത്തിന്റെ നേതൃത്വത്തിലുള്ള ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിക്കുന്നത്. തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘ടർബോ’യുടെ അറബി പതിപ്പിന്റെ ട്രെയ്ലറും പുറത്തുവന്നിട്ടുണ്ട്.