മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത സിനിമാ പ്രേമികളെ ആവേശത്തിലാക്കിയിരിക്കുകയാണ്. സംവിധായകൻ മഹേഷ് നാരായണനാണ് ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ഒരുക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് ഈ രണ്ട് സൂപ്പർസ്റ്റാറുകളും ഒരു സിനിമയിൽ ഒന്നിക്കുന്നത്.
ശ്രീലങ്കയായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 30 ദിവസത്തോളം ശ്രീലങ്കയിൽ ചിത്രീകരണം നടക്കുമെന്നാണ് അറിയുന്നത്. ഈ മാസം 15ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവിധായകൻ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവർധന തുടങ്ങിയവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
നേരത്തെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്” എന്ന ക്യാപ്ഷനോടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ചിത്രങ്ങളാണ് ഇരുവരും ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. ശ്രീലങ്കയ്ക്ക് പുറമെ കേരളത്തിലും ഡൽഹിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണമുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Mammootty and Mohanlal to reunite for a new film directed by Mahesh Narayanan, to be shot primarily in Sri Lanka