മലയാളസിനിമയിൽ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം കുറിച്ചു. കാൽനൂറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മോഹൻലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസർമാരായ സുഭാഷ് ജോർജ് മാനുവൽ സ്വിച്ച് ഓണും സി.ആർ.സലിം ആദ്യ ക്ലാപ്പും നിർവഹിച്ചു.
ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ആന്റോ ജോസഫാണ് നിർമാതാവ്. സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രാഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കൽ പ്രൊഡക്ഷൻ ഡിസൈനറും രഞ്ജിത് അമ്പാടി മേക്കപ്പ് ആർട്ടിസ്റ്റുമാണ്. ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂം ഡിസൈനറും ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ലിനു ആന്റണി ചീഫ് അസോസിയേറ്റ് ഡയറക്ടറും ഫാന്റം പ്രവീൺ അസോസിയേറ്റ് ഡയറക്ടറുമാണ്. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂർത്തിയാകുക. ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും.
Story Highlights: Mammootty and Mohanlal reunite on screen after 25 years in Mahesh Narayanan’s multi-starrer film, which began shooting in Sri Lanka.