ഫിഫ വേൾഡ് കപ്പ് പേജിൽ മലയാള പാട്ട്: എംബാപ്പേയുടെ വീഡിയോ വൈറലാകുന്നു

Anjana

ഫിഫയുടെ വേൾഡ് കപ്പ് ഇൻസ്റ്റഗ്രാം പേജിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ ഒരു വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ് ശ്രദ്ധേയമായി. കിളിയേ കിളിയേ എന്ന മലയാളം പാട്ട് പശ്ചാത്തലമാക്കിയുള്ള എംബാപ്പേയുടെ വീഡിയോയാണ് ഇതിന് കാരണമായത്. 40 ലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോയ്ക്ക് താഴെ, പേജ് മാനേജ് ചെയ്യുന്ന അഡ്മിൻ കേരളത്തിൽ നിന്നുള്ള മലയാളിയാണെന്ന് ഉറപ്പിച്ചുള്ള കമന്റുകളാണ് നിറയുന്നത്.

കാൽപ്പന്ത് കൊണ്ട് സംഗീതം പൊഴിക്കുന്ന എംബാപ്പേയുടെ മികച്ച പ്രകടനങ്ങൾക്ക് കിളിയേ കിളിയേ എന്ന ഗാനം പശ്ചാത്തലമാകുമ്പോൾ മലയാളികൾക്കുണ്ടാകുന്ന അനുഭൂതി വിശേഷമാണ്. ഫിഫ വേൾഡ് കപ്പ് ഔദ്യോഗിക പേജിന് പിന്നിൽ മലയാളിയുണ്ടെന്ന തോന്നൽ ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിച്ചു. 5.7 ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മലയാളി അഡ്മിനെക്കുറിച്ചും മലയാളികളുടെ സാന്നിധ്യത്തെക്കുറിച്ചും നിരവധി കമന്റുകൾ വന്നു. 1983-ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന സിനിമയിലെ ഗാനമാണ് കിളിയേ കിളിയേ എന്നതെന്നും പലരും കമന്റുകളിൽ എഴുതി.

എന്നാൽ, ഈ വീഡിയോ ഇട്ടത് മലയാളിയായ അഡ്മിൻ ഉള്ളതുകൊണ്ടല്ല. ഫുട്ബോളിന്റെ പ്രചാരം ലോകമാകെ വ്യാപിപ്പിക്കാനും അവരുടെ പേജിന് എൻഗേജ്മെന്റ് കൂട്ടാനും വേണ്ടി ഫിഫ പരീക്ഷിക്കുന്ന ഒരു തന്ത്രമാണിത്. പ്രാദേശിക ഭാഷകളിലൂടെ പ്രാദേശിക സംസ്കാരങ്ങളെ ചേർത്തുനിർത്തി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫുട്ബോൾ ആരാധകരിലേക്ക് എത്തുകയാണ് ഫിഫയുടെ ലക്ഷ്യം.

ഇത്തരം വീഡിയോകൾ ആ ഭാഷകൾ സംസാരിക്കുന്ന, അവരുടെ ഭൂമേഖലയിൽ നിന്നുള്ളവരിലേക്ക് മാത്രമായാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതാണ് എംബാപ്പേയുടെ വീഡിയോയ്ക്ക് കിളിയേ കിളിയേ എന്ന ഗാനം പശ്ചാത്തലമായി മാറാനും കാരണം.