മലയാള റാപ്പ് സംഗീതത്തിൽ പുതിയ തരംഗമായി ‘ചാക്ക്’ എന്ന ഗാനം വൈറലാകുന്നു. ഡബ്\u200cസി, നീരജ് മാധവ്, തിരുമാലി, ബേബി ജീന്\u200d, ഫെജോ, വേടന്\u200d തുടങ്ങിയ പ്രമുഖ റാപ്പർമാരുടെ ഗാനങ്ങൾക്ക് ശേഷം മലയാള റാപ്പ് സംഗീതത്തിലേക്ക് പുതിയൊരു ഓളം സൃഷ്ടിക്കുകയാണ് ഈ ഗാനം. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ‘ചാക്ക്’ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
‘ചാക്ക്’ എന്ന ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത് മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റായ അശ്വിനാണ്. എഫി, ഫാസിൻ റഷീദ് (ജോക്കർ) എന്നിവർ ചേർന്നാണ് ഗാനത്തിന്റെ വരികൾ രചിച്ച് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ താളവും വരികളും ആരാധകർ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
മലയാളത്തിൽ അധികം ഇൻഡിപെൻഡന്റ് സോളോ മ്യൂസിക് ആൽബങ്ങൾ വന്നിട്ടില്ലാത്തതിനാൽ ‘ചാക്ക്’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് സംഗീതപ്രേമികൾ നൽകിയിരിക്കുന്നത്. 10 മില്യണിലധികം വ്യൂസുകൾ നേടിയ മാർക്കോ ബ്ലഡ്, ആയിരം ഔറ തുടങ്ങിയ ട്രെൻഡിങ് റാപ്പ് ഗാനങ്ങൾക്ക് ശേഷം വൈറലാകുന്ന മറ്റൊരു റാപ്പ് ഗാനമാണ് ‘ചാക്ക്’. യുവാക്കളുടെ ട്രെൻഡിങ് ലിസ്റ്റിലും ഈ ഗാനം ഇടം നേടിയിട്ടുണ്ട്.
ഗാനത്തിന്റെ നിർമ്മാതാവും അശ്വിൻ തന്നെയാണ്. മിക്\u200cസ് & മാസ്റ്ററിങ് സ്\u200cയുശീലൻ, ലിറിക്ക് വിഡിയോ കോസ്മിക്ക് സ്റ്റുഡിയോസ്, റെക്കോർഡിങ് സ്റ്റുഡിയോ ആഡംസ് മിക്സ്ലാബ് എന്നിവർ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രൊജക്റ്റ് കോർഡിനേറ്റർ സലിം, റെക്കോർഡിങ് എഞ്ചിനീയർ അമാനി KL10, മാർക്കറ്റിങ് വിപിൻ കുമാർ, ടെൻ ജി മീഡിയ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
‘ചാക്ക്’ എന്ന ഗാനത്തിന്റെ വരികളും സംഗീതവും ഏറെ ശ്രദ്ധേയമാണ്. മലയാള റാപ്പ് സംഗീതത്തിന് പുത്തനുണർവ്വ് പകരുന്ന ഈ ഗാനം സംഗീതപ്രേമികൾക്കിടയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Story Highlights: Malayalam rap song “Chaak” by Azwin, Joker, and Efy goes viral on social media.