കേരളത്തിന്റെ പ്രിയ സംവിധായകൻ ഷാഫി (57) വിടവാങ്ങി. കലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഷാഫിയുടെ മൃതദേഹം ഖബറടക്കി. മമ്മൂട്ടി, സുരേഷ് ഗോപി, ലാൽ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തി.
പുലർച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചത്. കലൂർ മണിപ്പാട്ട്പറമ്പിലെ സഹകരണ ബാങ്ക് ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മൂന്ന് മണിയോടെ കലൂർ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോയി. പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ഖബറടക്കുകയായിരുന്നു. മന്ത്രിമാരായ പി രാജീവും കെബി ഗണേഷ് കുമാറും അനുശോചനം രേഖപ്പെടുത്തി.
2001-ൽ ‘വൺമാൻഷോ’ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തെത്തിയത്. 1968-ൽ എറണാകുളത്ത് ജനിച്ച ഷാഫി 1996-ൽ രാജസേനന്റെ ‘ദില്ലിവാല രാജകുമാരൻ’ എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. റാഫി-മെക്കാർട്ടിൻ ചിത്രങ്ങളിലും അമ്മാവനായ സംവിധായകൻ സിദ്ദിഖിന്റെ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, മായാവി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഷാഫി 18 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിൽ ഒരു തമിഴ് ചിത്രവും ഉൾപ്പെടും. ചോക്ലേറ്റ്, ലോലിപോപ്പ്, വെനീസിലെ വ്യാപാരി, ഷേർലക്ക് ടോംസ് തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതാണ്.
2022-ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആയിരുന്നു ഷാഫിയുടെ അവസാന ചിത്രം. ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അർദ്ധരാത്രി 12.25നാണ് അന്ത്യം സംഭവിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഷറഫുദ്ദീൻ ആയിരുന്നു ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ നായകൻ.
Story Highlights: Director Shafi, known for his hit Malayalam films, passed away at 57 and was laid to rest in Kochi.