പാപ്പരാസികളുടെ ചിത്രീകരണ രീതിയെ വിമർശിച്ച് നടി മാളവിക മേനോൻ രംഗത്ത്. മോശം ആംഗിളുകളിൽ നിന്ന് ചിത്രങ്ങളെടുക്കുന്ന പാപ്പരാസികളുടെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് മാളവിക തന്റെ അമർഷം പ്രകടിപ്പിച്ചത്. ”ഇതാണ് ഞാൻ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാൻ നിങ്ങളെ ഷൂട്ട് ചെയ്യാം.. എല്ലാവരെയും കിട്ടീല, ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി,” എന്നാണ് വീഡിയോയ്ക്കൊപ്പം മാളവിക കുറിച്ചത്.
പാപ്പരാസികളുടെ ക്യാമറാ ഓൺ ആകുന്നത് കണ്ടതും ഓടുന്നവരെ കുറിച്ചും മാളവിക പരാമർശിക്കുന്നുണ്ട്. “ഞങ്ങൾ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങൾ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ” എന്നും മാളവിക ചോദിക്കുന്നു. താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമമായി പലപ്പോഴും പാപ്പരാസികളുടെ പ്രവർത്തനങ്ങൾ വിമർശിക്കപ്പെടാറുണ്ട്.
മോശമായ ആംഗിളുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്ന ഓൺലൈൻ ചാനലുകളെ നടി എസ്തർ അനിൽ നേരത്തെ വിമർശിച്ചിരുന്നു. നടൻ ഗോകുലുമായി ഒരുമിച്ചിരിക്കുന്ന വിഡിയോ ഷൂട്ട് ചെയ്ത രീതിയെ ആണ് എസ്തർ പരിഹസിച്ചത്. നീലക്കുയിൽ എന്ന യൂട്യൂബ് ചാനലിനെതിരെയായിരുന്നു എസ്തറിന്റെ വിമർശനം. എസ്തറിനെ മാത്രം സൂം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്.
താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പാപ്പരാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനം ശക്തമാണ്. ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനായി പലപ്പോഴും പാപ്പരാസികൾ അതിരുകടക്കുന്നതായി ആരോപണമുണ്ട്. മാളവികയുടെ വീഡിയോ പങ്കുവയ്ക്കൽ ഈ ചർച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
Story Highlights: Actress Malavika Menon criticizes paparazzi for intrusive filming practices.