കർണാടക കോൺഗ്രസിൽ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്നു. അധികാര കൈമാറ്റ ചർച്ചകൾക്കെതിരെ സിദ്ധരാമയ്യ പക്ഷം നീക്കങ്ങൾ നടത്തുന്നതിനിടെ, ഡി. കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരനാഥ് സ്വാമി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യത്തിന് സിദ്ധരാമയ്യയുടെ പ്രതികരണം ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കർണാടക കോൺഗ്രസിലെ ഭിന്നത വീണ്ടും പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഡി. കെ. ശിവകുമാറിനാണെന്ന് സിദ്ധരാമയ്യ പക്ഷത്തുള്ള മന്ത്രിമാർ പ്രതികരിച്ചു. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവും ഉയർന്നു.
ഇതെല്ലാം ഡി. കെ. യ്ക്ക് എതിരായ പുതിയ നീക്കമായി കണക്കാക്കപ്പെടുന്നു. അധികാര കൈമാറ്റ ചർച്ചകളുടെ മുന ഒടിക്കുകയാണ് സിദ്ധരാമയ്യ പക്ഷത്തിന്റെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് വൊക്കലിഗ വിഭാഗത്തിലെ പ്രധാന നേതാവായ ഡി.
കെ. ശിവകുമാറിന് പിന്തുണയുമായി സമുദായ മഠാധിപതി രംഗത്തെത്തിയത്. സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പദവി ഡി. കെ. ശിവകുമാറിന് നൽകണമെന്ന് ചന്ദ്രശേഖരാനാഥ് സ്വാമി ആവശ്യപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൊക്കലിഗ വോട്ടുകൾ ഉറപ്പാക്കാനുള്ള ഡി. കെ. യുടെ തന്ത്രം പാളിയെന്ന വിമർശനം മറുവിഭാഗം ഉയർത്തുന്നതിനിടെയാണ് സ്വാമിയുടെ പ്രതികരണം വന്നത്.
					
    
    
    
    
    
    
    
    
    
    









