ദാമോ (മധ്യപ്രദേശ്)◾: മധ്യപ്രദേശിൽ ജാതിയുടെ പേരിലുള്ള വിവേചനം വീണ്ടും പുറത്തുവരുന്നു. ദാമോ ജില്ലയിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെ ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച സംഭവം വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗ്രാമീണ തലത്തിലുള്ള ഒരു തർക്കമാണ് ഇതിലേക്ക് നയിച്ചത്. സതാരിയ ഗ്രാമത്തിൽ മദ്യനിരോധനം നിലവിലുണ്ടായിരുന്നു. എന്നാൽ, അന്നു പാണ്ഡെ മദ്യം വിൽക്കുന്നത് തുടർന്നു. തുടർന്ന് ഗ്രാമവാസികൾ ഇയാളെ പിടികൂടി പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടക്കാനും നിർബന്ധിച്ചു.
അതേസമയം, ഒബിസി വിഭാഗത്തിൽപ്പെട്ട പർഷോത്തം കുശ്വാഹയെ ആണ് ബ്രാഹ്മണനായ അന്നു പാണ്ഡെ കാലു കഴുകി ആ വെള്ളം കുടിക്കാൻ നിർബന്ധിച്ചത്. ഗ്രാമവാസികളുടെ മുന്നിലിട്ട് പരസ്യമായിട്ടായിരുന്നു ഇത്. കുശ്വാഹയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
എന്നാൽ ഇതിന് പിന്നാലെ അന്നു പാണ്ഡെ ചെരുപ്പ് മാല ധരിച്ച് നിൽക്കുന്ന തരത്തിലുള്ള ഒരു എഐ ചിത്രം ഉണ്ടാക്കി പർഷോത്തം ഗ്രാമത്തിൽ പ്രചരിപ്പിച്ചു. മിനിറ്റുകൾക്കകം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ചില ആളുകൾ ഇതിനെ ബ്രാഹ്മണ സമൂഹത്തോടുള്ള അപമാനമായി കണ്ടു.
തുടർന്ന് ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള ഒരു സംഘം ഒത്തുകൂടി പർഷോത്തമിനോട് തന്റെ പ്രവൃത്തിക്ക് “പ്രായശ്ചിത്തം” ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമ്മർദ്ദത്തിന് വഴങ്ങി പർഷോത്തം മുട്ടുകുത്തിയിരുന്ന് പാദം കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ അന്നു പാണ്ഡെ തന്റെ കുടുംബത്തിന്റെ ഗുരുവാണെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പർഷോത്തം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തെ രാഷ്ട്രീയപരമായി കാണരുതെന്ന് അന്നു പാണ്ഡെയും പ്രതികരിച്ചു.
Story Highlights: മധ്യപ്രദേശിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെ ബ്രാഹ്മണന്റെ കാൽ കഴുകിയ വെള്ളം കുടിപ്പിച്ച സംഭവം വിവാദമായിരിക്കുകയാണ്.